Flash News

.......Hearty Welcome to The blog of St Mary's HS Pala........ ......

History

സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്,പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ,1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. ക്ലാരമഠത്തോടനുബന്ധിച്ച് ഈ ഇംഗ്ലീഷ് മിഡിൽ സ്കൂളിന്റെ സ്ഥാനം അനുസ്യൂതമായ പുരോഗതിക്ക് അനുകൂലമല്ലെന്നു മനസ്സിലാക്കിയ ഗവൺമെന്റ് അധികൃതർ, യാത്രാസൗകര്യം ഉളള മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. 1923 – ൽ കണ്ണാടിയുറുമ്പിൽ മഠം വകയായി 1200 രൂപാ കൊടുത്ത് ഓലിക്കൽ ചാക്കോച്ചനിൽനിന്നും ഇപ്പോൾ സെന്റ്.മേരീസ് സ്കൂളും മഠവും സ്ഥിതിചെയ്യുന്ന സ്ഥലം - ഒരേക്കറോളം - എഴുതിവാങ്ങി. ബ. കദളിക്കാട്ടിൽ മത്തായിയച്ചന്റെയും ഹെഡ് മാസ്റ്റർ ശ്രീ.ഈ.വി. ഉണ്ണിച്ചെറിയ അവറുകളുടെയും വിദഗ്ധമായ സഹകരണത്തോടെ പാലാ ടൗണിലേക്ക് സ്കൂൾ മാറ്റിസ്ഥാപിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചു. സ്ഥാപകമാതാക്കളുടെ ചൈതന്യശ്രോതസ്സിൽനിന്നും കൊളുത്തിയ കൈത്തിരിയുമായി കണ്ണാടിയുറുമ്പ് മഠത്തിന്റെ അന്നത്തെ ശ്രേഷ്ഠത്തിയായിരുന്ന ബ.മർഗരീത്താമ്മ കൊച്ചമ്പഴം, ബ.ജോസഫീനാമ്മ തൂങ്കുഴി എന്നിവർ മുന്നോട്ടുവന്നു. സ്ഥലം വാങ്ങിയ ഉടനെ കെട്ടിടത്തിന്റെ പണിയും ആരംഭിച്ചു. പാലാ അങ്ങാടിയിലെ ജനങ്ങളിൽ നിന്നും സംഭാവനയായും കടമായും പണം സ്വീകരിച്ചു. കളപ്പുരയ്ക്കൽ ബ.അന്ത്രയോസച്ചൻ, കണ്ണംകുളത്ത് ബ. ഫ്രാൻസീസച്ചൻ എന്നിവർ പണം, സാധനം, അധ്വാനം എന്നിവ നൽകി സഹായിച്ചു. കത്തോലിക്ക വിദ്യാർത്ഥിസംഘടനയിലെ അംഗങ്ങളായിരുന്ന മാർ.സെബാസ്റ്റ്യ൯ വയലിൻ, റവ. ഫാ.ജോസഫ് പൊരുന്നോലിൽ, റവ.ഫാ.ബൽത്താസർ C.M.I, മാസ്റ്റർ കെ.സി.സെബാസ്റ്റ്യ൯ കിഴക്കേക്കര, മി. ഏ. ഓ. ജോസഫ് അഞ്ചേരി, ഓതച്ചേട്ടൻ കളപ്പുര എന്നിവർ പണം ഉണ്ടാക്കി ആദ്യ കാലത്ത് വളരെ സഹായിച്ചിട്ടുണ്ട്. പാല കത്തീഡ്രൽ, ളാലം പഴയ പളളി, ളാലം പുത്തൻ പളളി എന്നീ ഇടവകകളുടെ സഹായസഹകരണം പ്രശംസനീയമാണ്. മീനച്ചിൽ കാത്തലിക് സ്റ്റുഡൻസ് യൂണിയൻ ഗണ്യമായ ഒരു തുക പിരിച്ചെടുത്തു നല്കി. അങ്ങനെ സാമ്പത്തികമായ എല്ലാ പരാധീനതകളെയും അതിജീവിച്ച് 1925 മെയ് പതിനെട്ടാം തീയതി (കൊ.വ. 1100) കണ്ണാടിയുറുമ്പ് സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ളാലം പഴയ പളളിയുടെ സമീപം 'സെന്റ് മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ' എന്ന പേരിൽ മാറ്റി സ്ഥാപിക്കപ്പെട്ടു. നന്മ നിറഞ്ഞവളും സ്ത്രീകളിൽ അനുഗൃഹീതയുമായ പരി.കന്യകാ മറിയമാണ് ഈ സ്കൂളിന്റെ മദ്ധ്യസ്ഥയും മാതൃകയും. ഉദ്ഘാടനസമ്മേളനത്തിൽ ഹൈകോർട്ട് ജഡ്ജി ശ്രീ.രാമൻ തമ്പി ആദ്ധ്യക്ഷ്യത വഹിച്ചു.  

Blog theme by Conradlew, designed by Jo C Thomas, HSST English...for St. Mary's High School Pala on 30th April 2020...Content Management and Copyright © HM,St. Mary's HSS Pala